അസ്‌ട്രോ ലൈവ്-എഡിറ്റോറിയൽ

 ഗംഗാ പുരാണം
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔

ആമുഖം

നമസ്തേ സജ്ജനങ്ങളെ !!!  ഞാൻ എഴുതുന്ന പുരാണ കഥയെ കുറിച്ച് രണ്ടുവാക്ക്
ഞാൻ ഷിനിൽ ഷാജി വാര്യത്ത്, കഴിഞ്ഞ കുറെ ഏറെ വര്ഷം ആയി ആധ്യാത്മിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു,പല ലേഖനങ്ങളും ഞാൻ എഴുതിയിട്ടുണ്ട് എന്നാൽ കഴിഞ്ഞ രണ്ടുവർഷം ആയി തിരക്ക് പിടിച്ച ജീവിത യാത്രയിൽ എഴുതാൻ സമയം ലഭിച്ചില്ല എന്നാൽ വായന നിർത്താതെ തുടരുന്നു, എന്റെ ജീവിതത്തിലെ കഴിഞ്ഞ 21 വര്ഷം ആയിട്ടു പല പുസ്തകങ്ങളും എന്റെ കൂട്ടുകാരാണ് എന്നതിൽ എനിക്ക് സന്തോഷം ഉണ്ട് ഞാൻ ഒരുപാടു പുരാണ പുസ്തകങ്ങൾ വായിക്കുന്നു അതിൽ നിന്നെല്ലാം എനിക്ക് കൂടുതൽ അറിവും പുരാണ കഥകളുടെ വെത്യസ്തമായതും അതിഹ്യങ്ങൾ നിറഞ്ഞതും,രസകരമായതും, ആയ പല കഥകളും എനിക്ക് മനസിലാക്കാൻ സാധിച്ചു , ഇനിയും ഒരുപാടു വായിക്കാൻ ഉണ്ട് അങ്ങനെ ഞാൻ വായിച്ച പുരാണ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി എന്റേതായ ശൈലിയിൽ വളരെ ലളിതമായി എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ചില പുരാണ കഥകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു അതിൽ ആദ്യം അവതരിപ്പിക്കുന്നത് ഗംഗാ ദേവിയെ കുറിച്ചാണ്, എല്ലാ പുരാണ കഥകളും വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനവും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു അതോടൊപ്പം ഇത് എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല എന്നും പറഞ്ഞു കൊള്ളട്ടെ …

ആദ്യമായി ആരാണ് ഗംഗ ?
🅥🅑🅣

ആദ്യമായി ആരാണ് ഗംഗ ? എന്നൊരു ചെറിയ വിവരണം നൽകാം ഹിന്ദു വിശ്വാസം അനുസരിച്ചു ഗംഗ ദേവിയുടെ ജനനത്തെ കുറിച്ച് നിരവധി അതിഹ്യങ്ങൾ ആണ് പറഞ്ഞു കാണുന്നത് ബ്രഹ്മദേവന്റെ കമണ്ഡലുവിൽ നിന്നും ഗംഗാദേവി ജനിച്ചതായി കരുതുന്നു.ആ കഥ ഇപ്രകാരം ആണ് മഹാവിഷ്ണുവിന്റെ വാമനവതാര കാലത്ത് ഭൂമി അളന്നതിനുശേഷം സ്വർഗ്ഗവും സത്യലോകവും അളക്കാനായി ഉയർത്തിയ വാമനന്റെ പാദത്തെ ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിനാൽ അഭിഷേകം ചെയ്യുകയും പാദത്തിൽ നിന്നും ഒഴുകിയ നദിയാണ് എന്ന് പറയപ്പെടുന്നു

ഗംഗ ദേവി ഭൂമിയിൽ ജനിച്ച കഥ
🅥🅑🅣

പണ്ട് ഇക്ഷ്വാക വംശത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു മഹാഭിഷക് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് അദ്ദേഹത്തിന്റെ രാജഭരണം വളരെ നല്ലതായിരുന്നു കാരണം ജന ഹിതത്തെ മാനിച്ചു ആണ് ഭരണം നടത്തിയിരുന്നത് അതിനാൽ തന്നെ വളരെ പ്രശസ്തിയും നേടി.

രാജാവാണെകിൽ വളരെ സത്യസന്ധനായും ,അറിവുള്ളവനും വളരെ ദയാലുവും ആയിരുന്നു മഹാഭിഷക് എന്ന രാജാവ് രാജ്യഭരണം നല്ലരീതിയിൽ നടത്തി തന്റെ കർത്തവ്യങ്ങൾ എല്ലാം പൂർത്തീകരിച്ച ശേഷം അദ്ദേഹം മരിക്കുകയും ശേഷം സ്വർഗ്ഗ ലോകത്തിൽ എത്തുകയും ചെയ്യുന്നു. ഇനി തന്റെ ആഗ്രഹം ബ്രഹ്മാവിനെ ഉപാസിച്ചു ശാന്തി നേടുകയാണ് അതിനായി രാജാവ് സത്യലോകത്തെത്തി.

സത്യലോകത്തെത്തിയ രാജാവ് കണ്ടത് ദേവി ദേവന്മാരെല്ലാം ബ്രഹ്മ ദേവനെ വണങ്ങി നിക്കുന്ന രംഗമാണ് ബ്രഹ്മ ദേവൻ ആണെകിൽ ധ്യാന ഭാവത്തിലും ആണ് ഭക്തിമയമായ അന്തരീക്ഷം അത്രയും സുന്ദരമാണ് ആ നിമിഷം ആ സമയം രാജാവ് എല്ലാവരെയും ഒന്ന് നോക്കി ആ കൂട്ടത്തിൽ വളരെ പ്രകാശ പൂരിതമായ രൂപത്തോടുകൂടിയ ഒരു സ്ത്രീയെ കാണുന്നു ആരായിരിക്കും അവൾ ? അതെ അത് ഗംഗ ദേവി ആണ് ഗംഗ നന്നായി ധ്യാനിച്ച് പ്രാർത്ഥിച്ചു നിൽക്കുക ആണ് ഈ അന്തരീക്ഷത്തിൽ ഒരു കാറ്റു വീശുന്നു ഗംഗ ദേവിയുടെ ഉടയാട ശരീരത്തിൽ നിന്നും അല്പം നീങ്ങിപ്പോകുന്നു … എന്തൊരു അവസ്ഥ ആണല്ലേ ? നിറ ഭക്തിയിൽ പെട്ടന്ന് ഇങ്ങനെ ഒരു രംഗം മഹാഭിഷക് രാജാവും പ്രതീക്ഷിച്ചില്ല !! ഈ കാഴ്ച്ച കണ്ട രാജാവ് ഭക്തിയിൽ നിന്നും വ്യതിചലിച്ചു കാമ പരവശൻ ആകുന്നു അദ്ദേഹം ഗംഗ ദേവിയെ സൂക്ഷിച്ചു നോക്കുന്നു , തന്റെ വസ്ത്രം ശരിയാക്കുന്നതിനായി ഭക്തിയികൾ നിന്നുണർന്ന ഗംഗ മഹാഭിഷക് രാജനെ കാണുന്നു അങ്ങിനെ ഇരുവരും കുറെ നേരം പരസ്പരം നോക്കി നിന്നും ബാക്കി ഉള്ളവർ എല്ലാം ഇപ്പോഴും സത്യലോകത്തു ഭക്തിയിൽ തന്നെയാണ് ഈ സന്ദർഭത്തിൽ രാജനും ഗംഗയും പരസ്പരം ഒരു പ്രേമത്തിന് തിരികൊളുത്തുന്നു

എന്നാൽ സത്യലോകത്തു ബ്രഹ്മദേവൻ ദ്യാനത്തിൽ ആണെകിലും രാജാവിന്റെയും ഗംഗയുടെയും കാമ കണ്ണുകൾ ബ്രഹ്മദേവൻ നിഗൂഢമായി മനസിലാക്കുന്നു, ഭക്തി പൂര്വ്വമായ അന്തരീക്ഷത്തിൽ കാമ പരവശർ എങ്ങനെ ഇവർക്ക് സാധിച്ചു ?? പിന്നെ എന്താണ് നടക്കുക എന്ന് പറയേണ്ടതില്ലലോ !!! ബ്രഹ്മദേവൻ കോപം കൊണ്ട് ജ്വലിച്ചു അദ്ദേഹം ഇരുവരെയും ശപിച്ചു !

അങ്ങിനെ ബ്രഹ്മാവിനെ ഉപാസിച്ചു നിത്യ ശാന്തി നേടാൻ വന്ന മഹാഭിഷക് രാജാവ് വീണ്ടും ഭൂമിയിൽ മനുഷ്യനായി ജനിക്കട്ടെ എന്നും ഗംഗാ ദേവി ഇദ്ദേഹത്തിന്റെ ഭാര്യാ ആയി ഭൂമിയിൽ ജന്മമെടുക്കട്ടെ എന്നും ആയിരുന്നു ആ ശാപം എന്നാൽ ഗംഗ ദേവി അതീവ ദുഃഖിത ആകുകയും ശാപ മോക്ഷം തരണം എന്നും അഭ്യർത്ഥിച്ചു കരഞ്ഞു .ഇതിൽ മനസ്സലിഞ്ഞ ബ്രഹ്മദേവൻ ഇപ്രകാരം ശാപമോക്ഷം നൽകുന്നു ” ഭൂമിയിൽ മഹാഭിഷക് രാജന്റെ ഭാര്യ ആയിരിക്കുമ്പോൾ അഷ്ടവസുക്കളുടെ മാതാവ് ആകും എന്നും അവരെ എട്ടു പേരെയും പ്രസവിച്ചു കഴിഞ്ഞാൽ ശാപ മോക്ഷം ലഭിക്കും” എന്ന് ബ്രഹ്മ ദേവൻ പറയുന്നു ഇതേ തുടർന്ന് മഹാഭിഷക് രാജാവ് ചന്ദ്ര രാജ വംശത്തിൽ ശന്തനു എന്ന് പേരായി ഭൂമിയിൽ ജനിക്കുന്നു തുടർന്ന് ഗംഗ ദേവിയെ വിവാഹം കഴിക്കുന്നു

ആരാണ് അഷ്ടവസുക്കൾ

പുരാണങ്ങൾ വായിച്ചതിന്റെ അറിവിൽ ധർമ്മ ദേവന് ദക്ഷ പുത്രിയായ വസുവിൽ ജനിച്ചവരാണ് എന്നും മറ്റൊരു ഗ്രന്ഥ പ്രകാരം കശ്യപന്റെ പുത്രന്മാരാണ് അഷ്ടവസുക്കൾ എന്നും പറയപ്പെടുന്നു അവർ എട്ടു പേരാണ് അവരുടെ പേര് യഥാക്രമം,

1 ദരൻ
2 ദ്രോവൻ
3 സോമൻ
4 അഹസ്സ്
5 അനിലൻ
6 അനലൻ
7 പ്രത്യയൂഷൻ
8 പ്രഭാസൻ എന്നിങ്ങനെ ആണ് ! ഇനി അവർക്കു ഉണ്ടായ ശാപ കഥ നോക്കാം

ഗംഗ ദേവിക്ക് കിട്ടിയ ശാപം അഷ്ടവസുക്കൾക്കു അനുഗ്രഹം ആകുന്നു
🅥🅑🅣

അഷ്ടവസുക്കൾ ഒരു ദിവസം തങ്ങളുടെ ഭാര്യമാരോടൊപ്പം വനയാത്ര ആരംഭിച്ചു, വനത്തിലൂടെ ഉള്ള യാത്ര വളരെ രസകരമാണ് മാൻ പേടയും,മുയൽ കിടാങ്ങളും ,പക്ഷികളുടെ കള കൂജനവും, മയൂര നൃത്തവും എല്ലാം ആസ്വദിച്ച് ഉള്ള യാത്ര കൂടി ആകുമ്പോൾ അതിനല്പം മാധുര്യം കൂടും അങ്ങിനെ അവർ എട്ടുപേരും അവരുടെ ഭാര്യമാരും നിർഭയം വനത്തിലൂടെ രസിച്ചു, അതിനിടയിൽ സഞ്ചരിച്ചു അവർ വസിഷ്ഠ മഹർഷിയുടെ ആശ്രമ പരിസരത്തു എത്തിച്ചേർന്നു അവർ ആ ആശ്രമ പരിസരം നിരീക്ഷിച്ചു ആരെയും കാണുന്നില്ല, എന്നാൽ അവിടെ നന്നായി തിരഞ്ഞപ്പോൾ മനോഹരമായ പശു തൊഴുത് കണ്ടു, തൊഴുത്തിൽ അകെ വർണ്ണ പ്രകാശം പരക്കുന്നു അത്ഭുതം തോന്നിയ വസുക്കളും ഭാര്യമാരും തൊഴുത്തിന്റെ പരിസരത്തെത്തി അവിടെ കണ്ട കാഴ്ച്ച അവരെ അത്ഭുതപ്പെടുത്തി തൊഴുത്തിൽ നന്ദിനി പശു ആയിരുന്നു, മനോഹരമായ നന്ദിനിയെ അവർ വണങ്ങി ശേഷം വീണ്ടും വന യാത്രയിലേക്കു മടങ്ങാൻ നിൽക്കുമ്പോൾ അഷ്ട വസുക്കളിൽ ഒരാൾ ആയ ദ്രോവിന്റെ ഭാര്യക്ക് നന്ദിനി പശുവിനെ ഒരുപാടു ഇഷ്ടമായി !!! എങ്ങനെ ഇഷ്ടപെടാതിരിക്കും അല്ലെ ? അത്രയും സുന്ദരി ആണ് നന്ദിനി നന്ദിനിയെ കൂടാതെ താൻ മടങ്ങില്ല എന്ന് ദ്രോവിന്റെ ഭാര്യാ ശാട്യം പിടിച്ചു ഇതിനെ തുടർന്ന് വസിഷ്ഠ് മഹര്ഷിയോട് ചോദിച്ചാൽ നന്ദിനിയെ തരില്ല എന്ന് മനസിലാക്കിയ ദ്രോവ് നന്ദിനിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ തീരുമാനിക്കുന്നു
എന്നാൽ മറ്റു വസുക്കളും ഭാര്യമാരും അരുത് മോഷണം ഭൂഷണം അല്ല എന്ന് പറഞ്ഞതിനെ മറികടന്നു ദ്രോവും ഭാര്യയും നന്ദിനിയെ മോഷ്ടിച്ചുകൊണ്ടു സൊ ഗൃഹത്തിലേക്ക് യാത്രയായി നിരപരാധികളായ മറ്റു വസുക്കളും ഭാര്യമാരും അവരോടൊപ്പം വീട്ടിലേക്കു മടങ്ങി !!!

ദ്രോവും ഭാര്യയും നന്ദിനിയെ മോഷ്ടിച്ചുകൊണ്ടു പോയശേഷം വസിഷ്ഠ മഹർഷി തന്റെ ആശ്രമത്തിൽ തിരിച്ചെത്തുന്നു, ആശ്രമത്തിൽ പ്രവേശിച്ച ഉടനെ എന്തോ ഒരു പന്തികേട് തോന്നിയ മഹർഷി തന്റെ ആശ്രമ പരിസരം നന്നായി വീക്ഷിച്ചു അങ്ങനെ അദ്ദേഹം നന്ദിനിയുടെ തൊഴുത്തിനരികിലും എത്തി എന്നാൽ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അച്ചര്യപെടുത്തി തൊഴുത്തിൽ ഐശ്വര്യത്തിന്റെ പ്രകാശം ഇല്ല !! മാത്രവുമല്ല താൻ തൊഴുത്തിൽ കെട്ടിയ നന്ദിനിയെ കാണാനും ഇല്ല !! അങ്ങിനെ മഹർഷി നന്ദിനിയെ തിരക്കി തന്റെ ആശ്രമം വിട്ട് വനത്തിലാകെ തിരഞ്ഞു എന്നാൽ അവിടെ എവിടെയും നന്ദിനിയെ കണ്ടെത്താൻ ആയില്ല !!! വൈകുന്നേരമായതോടെ മഹർഷി വിഷമത്തോടെ സ്വന്തം ആശ്രമത്തിൽ തിരിച്ചെത്തി. ശേഷം അദ്ദേഹം ധ്യാനത്തിൽ മുഴുകുന്നു തന്റെ തപശ്ശക്തിയാൽ നന്ദിനിക് എന്ത് പറ്റി എന്ന് നോക്കി മനസിലാക്കുന്നു …

തന്റെ തപ ശക്തിയിലൂടെ ലഭിച്ച ജ്ഞാനം കൊണ്ട് നടന്നെതെല്ലാം ഓരോന്നായി മഹർഷിയുടെ മനസ്സിൽ പതിയുന്നു എല്ലാം മനസിലാക്കിയ വസിഷ്ഠ മഹർഷിയുടെ ശരീരം അകെ കോപം കൊണ്ട് ജ്വലിക്കാൻ തുടങ്ങി, മോഷ്ടാക്കൾ യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അഷ്ടവസുക്കളെ ഒന്നാകെ ശപിക്കുന്നു ദേവ കുലത്തിൽ ജനിച്ച അഷ്ട വസുക്കൾ മനുഷ്യ യോനിയിൽ പിറക്കാൻ ഇട വരട്ടെ എന്നായിരുന്നു ശാപം മഹർഷിയുടെ ശാപം ഏറ്റ മാത്രയിൽ വസുക്കളുടെ ഭവനവും ചുറ്റുപാടും ഒന്ന് വിറച്ചു ഭൂമി ഒന്നാകെ കുലുങ്ങിയ പോലെ ഒരനുഭവം ഉണ്ടായി തുടർന്ന് മഹർഷിയുടെ ശാപവാക്കുകൾ അഷ്ടവസുക്കളുടെ ചെവിയിൽ ഒരു ധ്വനി പോലെ മുഴങ്ങി … വളരെ ഭയാനകമായ അന്തരീക്ഷം !! പേടിച്ചു വിറച്ച അഷ്ടവസുക്കൾ നിലവിളിച്ചുകൊണ്ട് വസിഷ്ട മഹർഷിയുടെ ആശ്രമത്തിലേക്ക് ഓടി ….

ആശ്രമത്തിൽ എത്തിയ അഷ്ടവസുക്കൾ മഹര്ഷിയോട് തങ്ങൾ ചെയ്തുപോയ അപരാദത്തിനു മാപ്പു ഇരക്കുന്നു, എന്നാൽ ശാപ വാക്ക് തിരിച്ചെടുക്കാൻ ആകില്ലെന്ന് മഹര്ഷിയും പറഞ്ഞു എന്നാൽ ശാപമോക്ഷവും തരണം എന്ന് വസുക്കൾ അപേക്ഷിച്ചു അങ്ങിനെ വശിഷ്ടൻ അവർക്കു ശാപമോചനം കൊടുക്കുന്നു അത് ഇപ്രകാരം ആയിരുന്നു :- നന്ദിനിയെ മോഷ്ടിച്ച ദ്രോവ് ദീർക്ക കാലം മനുഷ്യൻ ആയി ജീവിക്കണം എന്നും ഇതിൽ തെറ്റുകാരല്ലാത്ത മറ്റു ഏഴു വസുക്കൾ വളരെ കുറച്ചുകാലം ശിക്ഷ അനുഭവിച്ചാൽ മതി എന്നായിരുന്നു ആ വാക്യം

ഇവിടെ ഗംഗാ ദേവിക്ക് ബ്രഹ്മാവിൽ നിന്നും ലഭിച്ച ശാപം മുൻപ് പറഞ്ഞിരുന്നല്ലോ ആ ശാപം ആണ് ഇപ്പോൾ അഷ്ട വസുക്കൾക്കു അനുഗ്രഹം ആയി മാറുന്നത് അവർ ഓരോത്തർ ആയി ഗംഗ ദേവിയിൽ ജനിക്കുകയും ആ നിമിഷം തന്നെ ദേവി ഗംഗ അവരെ നദിയിൽ എറിഞ്ഞു മോക്ഷ പ്രാപ്തർ ആക്കുകയും ചെയ്യുന്നു എന്നാൽ കുറ്റം ചെയ്ത ദ്രോവ് മാത്രം ഭൂമിയിൽ കുറെ ഏറെ വര്ഷം കഴിയേണ്ടിവന്നു.

ബ്രഹ്മ ശാപം ഫലിക്കപെടുന്നു ഗംഗ ശാന്തനുവിന്റെ ഭാര്യ ആകുന്നു

ബ്രഹ്മ ശാപത്തിന്റെ ഫലമായി മഹാഭിഷക് ഭൂമിയിൽ ശന്തനു എന്ന് പേരായി ഒരു രാജ കൊട്ടാരത്തിൽ ജനിക്കുന്നു സാമാന്യം അസ്ത്ര ശസ്ത്രങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുന്നു. മിടുക്കനും സുന്ദരനും ആയിരുന്നു ശന്തനു. അങ്ങിനെ ഇരിക്കെ തന്റെ യവ്വന കാലത്ത് ശന്തനു വേട്ടക്കായി ഇറങ്ങുന്നു അദ്ദേഹം വന സഞ്ചാരത്തിലൂടെ ഗംഗ നദിയുടെ തീരത്തിൽ എത്തുന്നു മനോഹരമായ നദിയെ കണ്ട ശന്തനു അൽപ സമയം അവിടെ ചിലവഴിച്ചു ! വളരെ മനോഹരവും സന്തോഷം നിറഞ്ഞതുമായ ആ രംഗം എങ്ങനെ സന്തോഷം ഇല്ലാതിരിക്കും ഗംഗ നദിക്കരികിലാണ് ശാന്തനുവിന്റെ നിൽപ്പ് !! നദി മനോഹരമായി ഒഴുകുന്നു ശുദ്ധമായ ജലം നദീ തീരങ്ങളിൽ മനോഹരമായ പൂക്കൾ കാറ്റിലൂടെ പാരിജാത പൂവിന്റെ മണം, ആഹാ എന്തൊരു മനോഹാരിത ശാന്തനുവിന്റെ മനസ് ആകെ കുളിർന്നു … ഈ നിമിഷം ഗ്രന്ഥ കർത്താവു എന്ന നിലയിൽ നദീ തീരത്തെ മനോഹാരിത എന്റെ മനസിലും വന്നു അതിനാൽ അല്പം സന്തോഷത്തോടുകൂടി ഈ നിമിഷം എഴുതീടട്ടെ !!!

ഈ നിമിഷത്തിൽ ആണ് മനോഹരമായ രണ്ടു തത്തയുടെ പ്രണയ സല്ലാപം ശന്തനു കാണുന്നത് അതുകൂടി ആയപ്പോൾ യവ്വനത്തിലുള്ള ശാന്തനുവിന്റെ കാര്യം പറയണ്ടല്ലോ മനസ്സിൽ പ്രണയവും ഉദിച്ചു തനിക്കും പ്രണയിക്കാൻ ഒരാളെ കിട്ടിയിരുന്നെകിൽ എന്ന് ശന്തനു മനസ്സിൽ വിചാരിച്ചു നിൽക്കുന്ന ആ നിമിഷം തൊട്ടടുത്ത കരയിൽ മനോഹരമായ അതി സുന്ദരിയായ ഒരു യുവതിയെ ശന്തനു കാണുവാൻ ഇടയാകുന്നു ഉടനെ വള്ളിപ്പടർപ്പുകൾ മാറ്റി പൂക്കൾ നിറഞ്ഞ ആ നദീ കരയിലൂടെ ശന്തനു പതിയെ പതിയെ ഇളം കാറ്റ് എന്നപോലെ അവളുടെ അടുത്തേക്ക് നടന്നു ! അവളുടെ അടുത്തെത്തിയ ശന്തനു ഒറ്റ നോട്ടത്തിൽ തന്നെ ആ യുവതിയെ ഇഷ്ടമാകുന്നു ,തന്റെ രാജ്യത്തുപോലും ഇത്രയും സുന്ദരിയായ ഒരു യുവതിയെ കാണാൻ സാധിച്ചിട്ടില്ല എങ്കിലും ഈ നദിക്കരയിൽ മനോഹരമായ നിമിഷത്തിൽ മനോഹരമായ യുവതി ശന്തനുവിന് വിശ്വസിക്കാൻ ആയില്ല നടക്കുന്നത് സ്വപ്നം ആണോ എന്നറിയാൻ അദ്ദേഹം തന്റെ തല ഒന്ന് സ്വയം ആട്ടി നോക്കി !! എല്ലാം മിഥ്യ അല്ല എന്ന് മനസിലാക്കിയ ശന്തനു രാജാവ് ആ യുവതിയുടെ അടുത്ത് തന്റെ പ്രണയ അഭ്യർത്ഥന നടത്തുന്നു.

എന്നാൽ പ്രണയ അഭ്യർത്ഥന സ്വീകരിച്ച യുവതി ഒരു ഉപാധി ശാന്തനുവിന് മുന്നിൽ വെച്ചു ഇപ്രകാരം പറഞ്ഞു , അങ്ങയെ എനിക്കും ഇഷ്ടമായി അങ്ങയുടെ ഭാര്യാ ആകുന്നതിൽ എനിക്ക് എതിർപ്പ് ഒന്നും ഇല്ല എന്നാൽ അങ്ങ് ഒരു വെവസ്തപാലിക്കണം ഞാൻ അങ്ങയുടെ ഭാര്യാ ആയതിനു ശേഷം ഞാൻ എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അങ്ങ് എതിർക്കരുത് !! അങ്ങിനെ അങ്ങ് എങ്ങാനും എതിർത്താൽ ആ നിമിഷം തന്നെ അങ്ങേക്ക് എന്നെ നഷ്ടപ്പെടും ഞാൻ അപ്രത്യക്ഷ ആകുന്നത് ആണ് രാജാവിന്റെ മനസ്സിൽ ആ യുവതിയോടുള്ള പ്രണയം കാരണം അദ്ദേഹം ആ വ്യവസ്ഥ അംഗീകരിക്കുന്നു തുടർന്ന് ഈ വ്യവസ്ഥ പ്രകാരം പരസ്പരം അവർ വിവാഹിതർ ആകുന്നു

അങ്ങനെ സുപ്രദാനമായ ആ വ്യവസ്ഥ പ്രകാരം ശന്തനു ഗംഗയെ വിവാഹം കഴിക്കുന്നു ഇതിനു സാക്ഷിയായത് ആ പ്രകൃതി തന്നെയാണ്. ആ നദിക്കരയിലെ വള്ളിപ്പടർപ്പുകളിൽ പാരിജാത പൂക്കൾ അവർക്കു കഴുത്തിൽ അണിയാൻ ഹാരങ്ങൾ ആയി,കുയിൽ പെണ്ണ് കൂകി, തത്തകൾ ഒച്ചയുണ്ടാക്കി വട്ടമിട്ടു പറന്നു മയിലുകൾ മയൂര നൃത്തം കാഴ്ചവെച്ചു ഈ സമയം നദിക്കരയിലപ്പുറം അല്പം ദൂരത്തായി കാട്ടാനകൾ തുമ്പികൈകളാൽ വെള്ളം കോരി ആകാശത്തിലേക്കു തളിച്ചു ഈ സമയം മനോഹരമായ മഴവില്ല് മാനത്തു ഉദിച്ചു,കറുക പുല്ലുകൾ അവർക്കു പട്ടുമെത്ത വിരിച്ചു എത്ര മനോഹരം ആയിരിക്കും അല്ലെ ഈ കാട്ടിലെ നദിക്കരയിൽ ഉള്ള പ്രകൃതി രമണീയമായ നിമിഷങ്ങൾ ഈ നിമിഷം രാജൻ എല്ലാം മറന്നിരിക്കുക ആണ് തന്റെ രാജ്യം, വേട്ടക്ക് പുറപ്പെട്ടത് അങ്ങിനെ എല്ലാം ശന്തനു ഏതോ ഒരു മായാ ലോകത്തു മൂടപ്പെട്ടതുപോലെ അവിടെ കഴിഞ്ഞു… അവർ പരസ്പരം കുറെ ഏറെ നേരം നോക്കിയിരുന്നു.

ഈ സമയം ആണ് അന്തരീക്ഷം അകെ മാറുന്നത് കാർമേഘങ്ങൾ ആകാശത്തു കൂടി പെട്ടന് ഒരു മിന്നലോടു കൂടി ഇടിവെട്ടി രണ്ടുപേരും പെട്ടന്നൊരു ഞെട്ടൽ ഈ സമയം ശന്തനു തന്റെ മായയിൽ നിന്നും ഉണർന്നു താൻ ഒരു രാജാവ് ആണെന്നും വന വേട്ടക്കായി ഗംഗ നദീ തീരത്തു എത്തിയത് ആണെന്നും മനസിലാക്കുന്നു തുടർന്ന് ഗംഗയെയും കൂടി സ്വന്തം രാജ്യത്തിലേക്ക് നടന്നു, ശന്തനു വളരെ സന്തോഷത്തിലായിരുന്നു വേട്ടക്ക് മൃഗങ്ങൾ ഒന്നും ലഭിച്ചില്ല എങ്കിൽ കൂടിയും തന്റെ മനസിന് ഇണങ്ങിയ ഒരു ഭാര്യയെ കിട്ടിയതിൽ അദ്ദേഹം മനസ്സിൽ ദെയ്‌വത്തോടു നന്ദി പറഞ്ഞു

അങ്ങിനെ രാജകൊട്ടാരത്തിൽ എത്തിയ ശന്തനു രാജനെ അച്ഛൻ പ്രതീപൻ സ്വീകരിക്കുന്നു ( പ്രതീപൻ ആരാണെന്നു പിന്നീട് വിശദമായി പറയാം ) അങ്ങിനെ അച്ഛന്റെ സമ്മദത്തോടെ രാജകൊട്ടാരത്തിൽ വലിയൊരു ഉത്സവം പോലെ വിവാഹം അരങ്ങേറി!! പിന്നീട് സന്തോഷത്തോടെ ജീവിക്കുന്ന കാലം ഗംഗ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു, ശന്തനു രാജൻ കുഞ്ഞിനെ കാണാൻ എത്തുമ്പോൾ തന്നെ രാജാവിന്റെ മുന്നിലൂടെ കൈ കുഞ്ഞുമായി ഓടി അവൾ പഴയ ഗംഗാ തീരത്തു എത്തുന്നു രാജാവും പിന്നാലെ ഓടി ശന്തനു നോക്കി നിൽക്കെ തന്നെ ഗംഗ കുഞ്ഞിനെ ഗംഗാ നദിയിലേക്കു എറിഞ്ഞു !!! പ്രകൃതി പോലും ഒരു നിമിഷം നിഛലം ആയി !!

എന്നാൽ ശാന്തനുവിന് ഗംഗയുടെ ഈ പ്രവർത്തി ചോദിക്കാനോ പറയാനോ അവകാശം ഇല്ലായിരുന്നു കാരണം അവർ തമ്മിൽ ഉള്ള കരാർ അങ്ങിനെ ആയിരുന്നു. കരാർ പ്രകാരം രാജാവ് വളരെ നിശബ്തനായി നിന്നു, പിന്നീട് രാജവിനോപ്പം കൊട്ടാരത്തിലേക്കു തിരിച്ചുപോയി

ശന്തനു രാജാവ് വെവസ്ത ലംഗിക്കപ്പെടുന്നു ഗംഗ അപ്രത്യക്ഷ ആകുന്നു

രാജകൊട്ടാരത്തിൽ എത്തിയ ഗംഗക്കു പുത്ര വിയോഗത്തിൽ യാതൊരു വിഷമവും ഉണ്ടായില്ല അതോടൊപ്പം ശന്തനു രാജന്റെ പിതാവ് ആയ പ്രതീപനും ഈ വിഷയം ചർച്ച ചെയ്തില്ല ! എന്നാൽ കുറെ കാലം കൂടി കഴിഞ്ഞപ്പോൾ ഗംഗ വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം നൽകി വീണ്ടും അത് തന്നെ സംഭവിച്ചു ഗംഗ ആ കുഞ്ഞിനേയും ഗംഗാ നദിയിൽ ഒഴുക്കി കരാർ പ്രകാരം രാജാവിന് നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ എന്നാൽ തുടർച്ചയായി ജനിച്ച അഷ്ടവസുക്കളിൽ അതായത് മൊത്തം ഏഴു പേരെയും ഗംഗ നദിയിൽ ഒഴുക്കി കളഞ്ഞു ,ഈ സമയത്ത് ആണ് ശന്തനു ഒരു കാര്യം ചിന്ദിച്ചത് ആലോചിക്കാതെ ഉള്ള തന്റെ എടുത്തുചാട്ടം ആണ് എല്ലാത്തിനും കാരണം ഗംഗയെ നേടുന്നതിനായി അവർ പറഞ്ഞ വ്യവസ്ഥ ആലോചിക്കാതെ അംഗീകരിക്കേണ്ടിവന്നു ശന്തനു രാജാവ് അകെ ദുഃഖിതൻ ആയി ഇനി തുടർന്നും തന്റെ പുത്രന്മാരെ തനിക്കു നഷ്ടമാകും എന്ന് അദ്ദേഹം വിഷമിച്ചു

എന്നാൽ രാജാവിന്റെ വിഷമ ചിന്തക്ക് അധിക കാലം ഒന്നും വേണ്ടി വന്നില്ല !! ശന്തനു മഹാരാജാവിനു എട്ടാമതായി ഒരു പുത്രൻ ജനിച്ചു എട്ടാമത്തെ പുത്രനെ നമുക്കെല്ലാവർക്കും അറിയാം വസിഷ്ഠമഹര്ഷിയുടെ നന്ദിനി പശുവിനെ മോഷ്ടിച്ച് ശാപം വാങ്ങിയ ദ്രോവ് ആയിരുന്നു അത് എന്നാൽ എന്നാൽ രാജാവ് കുഞ്ഞിന്റെ മുഖം കാണാൻ എത്തുമ്പോഴേക്കും ഗംഗ കുഞ്ഞിനേയും കൊണ്ട് ഗംഗാ തീരത്തേക്ക് ഓടി !! പുറകെ ശന്തനു രാജനും

നദിക്കരയിലെത്തിയ ഗംഗ കുഞ്ഞിനെ നദിയിലേക്കു എറിയാൻ ശ്രമിച്ചതും ശന്തനു ഗംഗയെ തടഞ്ഞു !!!
പെട്ടന്ന് അവിടെ ഒരു കൊടുകാറ്റു വീശി … ഗംഗ കോപം കൊണ്ട് ജ്വലിക്കുന്നതായി നടിച്ചു കരാർ ലംഗിച്ച രാജാവിന് മുന്നിലൂടെ ആ കൊടുംകാറ്റിലൂടെ ഗംഗ കുഞ്ഞിനേയും കൊണ്ട് മറഞ്ഞു …അല്പസമയം കഴിഞ്ഞപ്പോൾ അന്തരീക്ഷം ശാന്തമായി … തന്റെ എട്ടു പുത്രന്മാരെയും ഇപ്പോൾ ഗംഗയെയും നഷ്ടപെട്ട ശന്തനു രാജാവ് നദിക്കു സമീപം ഇരുന്നു കരഞ്ഞു !! ശാന്തനുവിന് ദുഃഖം സഹിക്കാൻ ആയില്ല ! അദ്ദേഹം അലറിക്കരഞ്ഞു !!! ഗംഗേ ….. എന്നദ്ദേഹം ഉറക്കെ വിളിച്ചു വിലപിച്ചു !! എത്ര വിഷമകരം ആണീ രംഗം ഗ്രന്ഥ കർത്താവു എന്ന നിലയിൽ എന്റെ മനസിലും ഈ ദുഃഖ രംഗം പതിഞ്ഞു

ഗംഗ ശാപമോക്ഷം നേടുന്നു

ഈ കഥയിലെ ശാന്തനുവിന്റെ ഈ ദുഃഖ കരമായ രംഗം ശ്രെദ്ധിച്ചാൽ അറിയാം :- ശാന്തനു വര്ഷങ്ങള്ക്കു മുൻപ് ഗംഗയെ സ്വന്തമാക്കിയതും സന്തോഷിച്ചതും ഇതേ നദീ തീരത്തായിരുന്നു ,ഇപ്പോൾ ഗംഗയെ നഷ്ടപ്പെടുത്തിയതും ദുഃഖിക്കുന്നതും അതെ നദീ തീരത്താണ്, !!

ഗംഗ മറഞ്ഞതിൽ പിന്നെ ശന്തനു രാജൻ കൊട്ടാരത്തിൽ വളരെ വിഷമത്തോടെ തിരികെ എത്തുന്നു, സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അച്ഛൻ പ്രതീപനോടു പറഞ്ഞു എന്നാൽ എല്ലാം ഈശ്വര നിയോഗം ആണെന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു, അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു പോയി ! ഇപ്പോഴും ശാന്തനുവിന്റെ മനസ്സിൽ ഗംഗയെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ട് എന്നിരുന്നാലും ദുഃഖത്തിൽ നിന്നൊക്കെ കരകയറി കഴിഞ്ഞിരിക്കുന്നു. എല്ലാം മനസിനെ പറഞ്ഞു പതിപ്പിച്ചു യാഥാർഥ്യം ഉൾക്കൊണ്ടു അങ്ങനെ ശന്തനു ഒരു നല്ല രാജാവ് ആയി ഈ മാറ്റത്തിനും പുറകിൽ അച്ഛൻ പ്രതീപൻ തന്നെയാണ് !!

പിന്നെയും വർഷങ്ങൾ കടന്നുപോയി അങ്ങിനെയിരിക്കെ വീണ്ടും ഒരുനായാട്ടിനായി ശന്തനു പുറപ്പെട്ടു അങ്ങനെ അദ്ദേഹം വനത്തിലൂടെ സഞ്ചരിച്ചു ഗംഗ നദീ തീരത്തെത്തി ! അവിടെ എത്തിയ രാജൻ അദ്ഭുതകരമായ കാഴ്ച കണ്ടു അതി സുന്ദരനായ ഒരു ബാലൻ ഒഴുകുന്ന നദിയിൽ ശരങ്ങൾ എയ്തു നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിട്ടിരിക്കുന്നു ഒരു നിമിഷം രാജൻ പകച്ചുപോയി കേവലം ഒരു ബാലൻ സാഹസികമായ ഈ പ്രവർത്തി ചെയ്യുകയോ ? ഈ ബാലൻ സാദാരണ ഒരു മനുഷ്യൻ അല്ല എന്ന് ശന്തനു മനസിലാക്കായി ! ഇനി ഈ ബാലൻ പണ്ട് എനിക്ക് നഷ്ടപെട്ട തന്റെ പുത്രൻ ആയിരിക്കുമോ എന്ന് ആ മനസ്സിൽ ഒരു സംശയം ഉദിച്ചു. തന്റെ സംശയം മാറ്റിത്തരാൻ വേണ്ടി ശന്തനു ഗംഗാ ദേവിയെ പ്രാത്ഥിച്ചു!! ഉടനെ ഗംഗാ ദേവി ശന്തനു രാജന് മുന്നിൽ പ്രത്യക്ഷനായി ഞാൻ അങ്ങയുടെ പത്നിയായിരുന്ന ഗംഗ ഇതു അങ്ങയുടെ എട്ടാമത്തെ പുത്രനായ ദേവവ്രതൻ ആണ്, വസിഷ്ഠ മഹർഷിയിൽ നിന്നും അസ്ത്ര ശസ്ത്രങ്ങൾ എല്ലാം കുമാരൻ വശമാക്കിയിരിക്കുന്നു മാത്രമല്ല ഇവൻ അഷ്ടവസുക്കളിൽ ഒരാൾ ആയ ദ്രോവിന്റെ പുനർജ്ജന്മം ആണ്.. ഇതാ അങ്ങയുടെ പുത്രനെ സ്വീകരിക്കുക അങ്ങിനെ ശന്തനു സന്തോഷത്തോടെ കുമാരനെ സ്വീകരിക്കുന്നു അതോടൊപ്പം എന്റെ കർത്തവ്യം പൂർത്തിയായിരുന്നു എന്ന് പറയുകയും ഗംഗാ ദേവി മോക്ഷപ്രാപ്തി നേടി സ്വർഗ്ഗ ലോകത്തേക്കും അവിടെ നിന്നും സത്യലോകത്തും എത്തുന്നു അങ്ങിനെ ഗംഗക്ക് ബ്രഹ്മ ശാപത്തിൽ നിന്നും മോക്ഷം ലഭിച്ചു. മോഷണ കുറ്റം ചെയ്ത ദ്രോവ് മനുഷ്യ ജന്മത്തിൽ ഏറെ കാലം ഭൂമിയിൽ കഴിയണം എന്നാണല്ലോ ബ്രഹ്മ ശാപം അതിനാൽ ശന്തനു രാജനൊപ്പം കൊട്ടാരത്തിലേക്കു പോയി

ശാന്തനുവിന്റെ പിതാവും(പ്രതീപൻ) ഗംഗയും

ഇനി പറയുന്നത് ശന്തനുവിന്റെ പിതാവായ ആയ പ്രതീപനെ കുറിച്ച് ആണ് ? ഗംഗ ഓരോ തവണ കുഞ്ഞിനെ നദിയിലേക്കു എറിഞ്ഞപ്പോഴും, ശന്തനു ദുഃഖത്താൽ അലറിയപ്പോളും പ്രതീപൻ എന്തിനു മൗനം പാലിച്ചു ? അതിനു പിന്നിലും ഉണ്ട് ഒരു കഥ.

ശന്തനു രാജന്റെ പിതാവാണ് പ്രതീപൻ എന്ന് മുൻപേ സൂചിപ്പിച്ചല്ലോ, അദ്ദേഹം ഒരു ത്രികാല ജ്ഞാനി ആയിരുന്നു!! എല്ലാ കാര്യങ്ങളും തന്റെ തപശ്ശക്തിയുടെ ഫലമായി കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു അങ്ങിനെ ഇരിക്കെ വിവാഹം കഴിഞ്ഞ പ്രദീപന് പുത്രന്മാർ ഉണ്ടായിരുന്നില്ല , തന്റെ കാലശേഷം രാജഭരണം ഏല്പിക്കാൻ പുത്രന്മാർ ഇല്ലാതിരുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു അങ്ങനെ തന്റെ വംശ പരമ്പര തന്നെ ഇല്ലാതാകും എന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു അതിന്റെ ഫലമായി ബ്രഹ്മ ദേവനെ തപസ്സനുഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു അങ്ങനെ പുത്ര ലബ്ധിക്കായി ഗംഗാ തീരത്തു പ്രതീപൻ തപസ്സനുഷ്ഠിച്ചു എന്നാൽ ബ്രഹ്മ ശാപഫലമായി ഭൂമിയിൽ എത്തിയ ഗംഗ തപസ്സനുഷ്ഠിക്കുന്നത് ശന്തനു രാജൻ ആയിരിക്കും എന്ന് തെറ്റിധരിച്ചു തന്റെ മോക്ഷ പ്രാപ്തിക്കായി പ്രണയ പരവശയായി പ്രതീപൻറെ വലതു തുടയിൽ കയറിയിരുന്നു!! തപസ്സിൽ നിന്നും കൺ തുറന്ന പ്രതീപൻ ദേവിക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ചു ? മറുപടിയായി ഗംഗ തന്നെ വിവാഹം ചെയ്യണം എന്ന് പ്രതീപനോട് ആവശ്യപ്പെട്ടു !

ഇതു കേട്ട പ്രതീപൻ ഗംഗയോട് ഇപ്രകാരം പറഞ്ഞു. വലതു തുടയിൽ ഇരിക്കാനുള്ള അവകാശം മക്കൾക്കും പുത്ര വധുവിനും ഉള്ളതാണ് അതിനാൽ തന്നെ എന്റെ പുത്രന്റെ വധുവാകാൻ ആണ് നിനക്ക് യോഗ്യത എന്ന് അറിയിച്ചു. ഇതുകേട്ട ഗംഗ തന്റെ ശാപ വൃത്താന്ത൦ പ്രതിപനെ അറിയിച്ചു!! എല്ലാം കേട്ട പ്രതീപൻ ഇപ്രകാരം പറഞ്ഞു പുത്ര ലബ്ദിക്കായി താൻ അനുഷ്ഠിക്കുന്ന തപസ്സ് ഉടൻ പൂർണ്ണമാകും എന്നും ബ്രഹ്മ പ്രസാദത്താൽ തനിക്കൊരു പുത്രൻ ജനിക്കും എന്നും അവന്റെ വിവാഹ പ്രായത്തിൽ നിന്നെ വിവാഹം കഴിക്കും എന്നും അതിൽ ഷ്ടവസുക്കൾ നിങ്ങള്ക്ക് പുത്രൻ മാർ ആകും എന്നും അതിലൂടെ ശാപ മോക്ഷം ലഭിക്കും എന്നും അറിയിച്ചിരുന്നു!! ഒരു മഹാ ജ്ഞാനിയായ പ്രതീപന് ഗംഗ ദേവിയുടെ ശാപ വൃത്താന്ത൦ ഗംഗ പറയാതെ അതന്നെ അറിയുമായിരുന്നു,അതുകൊണ്ട് ആണ് തന്റെ തപസിനു ബംഗം വരുത്തിയപ്പോഴും വർഷങ്ങൾക്കു ശേഷം പുത്രൻ ശന്തനു ഗംഗയെ വിവാഹം കഴിച്ചപ്പോളും തന്റെ തന്റെ പേരകുട്ടികളെ നദിയിലേക്കെറിഞ്ഞപ്പോഴും ഒന്നും പറയാതിരുന്നതും മൗനം പാലിച്ചതും, ഗംഗദേവിയുടെ യുടെ മോക്ഷം ആയിരിക്കണം അദ്ദേഹവും ആഗ്രഹിച്ചിരിക്കുക.

ഇതോടുകൂടി ഗംഗാ പുരാണത്തിലെ ഗംഗാ ദേവിയുടെ ശാപവും,അഷ്ടവസുക്കൾ,ശന്തനു രാജൻ എന്നിവർ ആയി ബന്ധപ്പെട്ട കഥ അവസാനിക്കുന്നു നാളെ മുതൽ ഗംഗാ ദേവിയുടെ മറ്റുകഥകൾ വായിക്കാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

Warning!!!

ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, മറ്റു വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! 

മനസാ ദേവിയുടെ ജനനം

നമസ്തേ സജ്ജങ്ങളെ !!! കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ഗംഗാ പുരാണം വായിച്ചിരുന്നു, ശേഷം നിങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

ഇന്ന് മുതൽ ഞാൻ അവതരിപ്പിക്കാൻ പോകുന്ന പുരാണ കഥയാണ് മനസ്സാ പുരാണം ആരാണ് മനസാദേവി ?
ദേവി എന്തിനു വേണ്ടി ജന്മം എടുത്തു ദേവിയുടെ വിവാഹം? എന്നിങ്ങനെ ഉള്ള പുരാണ ഭാഗങ്ങൾ കോർത്തിണക്കി ലളിതമായി അവതരിപ്പിക്കുന്ന കഥ വായിക്കാം …

മനസാ ദേവിയുടെ ജനനം,കശ്യപനും, കദ്രു വിനിത,സർപ്പങ്ങൾ എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നു. ആ കഥ ഇപ്രകാരം ആണ് .കശ്യപന് കദ്രു എന്നും വിനിത എന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു അവരുടെ വാത്സല്യത്താലും സ്നേഹത്താലും സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു കദ്രു ആവശ്യപ്പെട്ടത് ആയിരം പുത്രന്മാരെ ആണ്, എന്നാൽ വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും ആവശ്യപ്പെട്ടു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജനിച്ചു മാത്രമല്ല ഈ കുഞ്ഞുങ്ങളെ കൊണ്ട് ലോകത്തു വല്ലാത്ത ഉപദ്രവങ്ങളും ഉണ്ടായി. എന്നാൽ വനിതയുടെ അണ്ഡം വിരിഞ്ഞില്ല തന്റെ അണ്ഡത്തെ സൂക്ഷിച്ചു നോക്കിയ വിനിത സംശയത്തോടെ തന്റെ രണ്ടു അണ്ഡത്തിൽ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് !!!

പൂർണ്ണ വളർച്ച എത്താതെ വിനിത മുട്ട പൊട്ടിച്ചതുകൊണ്ട്‌ കോപാകുലയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ അപ്പോൾ ആണ് വനിതക്ക് താൻ ചെയ്ത അപരാധവും തന്റെ ആവേശവും മനസിലായത് ഉടനെ വിനിത പറഞ്ഞു ഞാൻ നിന്റെ മാതാവാണ് ഞാൻ ചെയ്തത് അപരാധം തന്നെയാണ് അതിനാൽ പ്രായ്ചിക്തവും അവിടുവിടുന്നു തന്നെ നൽകിയാലും പുത്രാ ..

പൂർണ്ണ വളർച്ച എത്താത്ത ആ ശിശു മാതാവിനോട് ഇപ്രകാരം പറഞ്ഞു അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ ആ പുത്രൻ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു എന്ന് പുരാണങ്ങൾ പറയുന്നു നാം ഏവരും ഈ കഥ മുൻപ് പല പുരാണ പുസ്തകങ്ങളിൽ നിന്നൊക്കെ വായിച്ചിരിക്കുമല്ലോ. ഇനി ആ ശിശു ഇപ്രകാരം പറഞ്ഞു എങ്കിലും വിനിത കദ്രുവിന്റെ ദാസിയാകുന്നതിനു ആസ്പദമായി മറ്റൊരു കാര്യവും അരങ്ങേറി

ഒരു ദിവസം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണാൻ ഇടയായി.
അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു.അങ്ങിനെ രണ്ടുപേരും കൂടി തർക്കം ആയി അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ പന്തയം ഉറപ്പിച്ചു

എന്നാൽ കദ്രു തന്റെ പുത്രൻ മാരായ നാഗങ്ങളെ രഹസ്യമായി വിളിച്ചു ഉച്ചൈശ്രവസ്സിന്റെ വാലിൽ നാളെ കറുത്ത രോമങ്ങൾ പോലെ തൂങ്ങി കിടക്കണം എന്നും ഈ പന്തയത്തിൽ എന്നെ വിജയിപ്പിക്കണം എന്നും പറയുകയുണ്ടായി എന്നാൽ ചില നാഗങ്ങൾ ഇതിനു സമ്മതിച്ചില്ല ആ നാഗങ്ങളെ കദ്രു ശപിച്ചു അത് ഇപ്രകാരം ആയിരുന്നു സ്വന്തം മാതാവിനെ സഹായിക്കാത്ത നിങ്ങൾ ജനമേജയന്റെ സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്നതായിരുന്നു അങ്ങിനെ അനുകൂലിക്കാത്ത നാഗങ്ങൾ ശാപത്തിനിരയായി !! തുടർന്നുള്ള ഭാഗം മനസാ പുരാണത്തിൽ വരുന്നില്ല എങ്കിലും അല്പം വിവരിക്കാം എന്നാൽ ഇതിനെ അനുകൂലിച്ച നാഗങ്ങൾ പിറ്റേ ദിവസം രാവിലെ തന്നെ കദ്രുവിന്റെ നിര്‍ദേശപ്രകാരം ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളുത്ത വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പന്തയത്തിൽ പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു അങ്ങിനെ പന്തയത്തിൽ ജയിച്ച കദ്രുവും നാഗങ്ങളും നല്ല അഹങ്കാരികൾ ആയി മാറി വിനിത കുറെ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിയും വന്നു. എന്നാൽ അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞു ഗരുഡന്‍ എന്ന പുത്രൻ ജനിച്ചു. എന്നാൽ തന്റെ മാതാവിന്റെ ദാസ്യത്വം മനസിലാക്കിയ ഗരുഡന് അതീവ ‌ദുഃഖമുണ്ടാക്കി ഗരുഡൻ കദ്രുവിനോട് പറഞ്ഞു തന്റെ മാതാവിനെ ദാസപ്രവർത്തിയിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു ദേവലോകത്തുചെന്ന്‌ അമൃതംകൊണ്ടുവന്ന്‌ നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന്‌ മോചിപ്പിക്കാമെന്ന്‌ കദ്രു പറഞ്ഞു. അതനുസരിച്ച്‌ ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന്‌ കദ്രുവിന്‌ നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന്‌ മോചിപ്പിച്ചു എന്ന് പുരാണങ്ങൾ പറയുന്നു

ഇനി നമുക് മനസാ പുരാണത്തിലേക്കു വരാം കദ്രുവിന് അനുകൂലമായി നിൽക്കാത്ത നാഗങ്ങളെ ശപിച്ചു സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്ന് പറഞ്ഞിരുന്നുവല്ലോ ഈ ശാപത്തോടുകൂടി നാഗങ്ങളുടെ വിഷം ഇരട്ടിച്ചു അങ്ങിനെ ആ നാഗ കുഞ്ഞുങ്ങൾ ആരെ കടിച്ചാലും അവർ വിഷം തീണ്ടി മരിക്കാൻ തുടങ്ങി, ഘോര വിഷം ഉള്ള ഈ സർപ്പങ്ങൾ മറ്റു ജീവികളുടെ അടുത്തുകൂടി പോയാൽ തന്നെ വിഷം തീണ്ടാൻ തുടങ്ങി. എന്നാൽ തന്റെ പുത്രന്മാരുടെ ഈ പ്രവർത്തി കണ്ടു കശ്യപൻ വിഷമിച്ചു തുടർന്ന് ഇതിനൊരു പോംവഴി എന്നോണം കശ്യപൻ ബ്രഹ്മദേവന്റെ അടുത്തെത്തി സങ്കടം ഉണർത്തിച്ചു.

ഇതിന്റെ ഫലമായി ബ്രഹ്മദേവൻ കശ്യപന് വിഷ സംഹാര വിദ്യ ഉപദേശിച്ചുകൊടുക്കുന്നു അന്നുമുതലാണ് വിഷ വൈദ്യം ഉണ്ടായത് എന്നും വിഷത്തിനെതിരെ ചികിത്സാരീതികൾ തുടങ്ങിയത് എന്നും പുരാണം പറയപ്പെടുന്നു. തുടർന്ന് സർപ്പങ്ങളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടുന്നതിനു ബ്രഹ്മ ദേവനും കശ്യപനും വിവിധ തരത്തിൽ ഉള്ള മന്ത്രങ്ങളും രചിച്ചു ഈ സമയം ബ്രഹ്മദേവന് തോന്നി ഈ മന്ത്രങ്ങൾക്കെല്ലാം ഒരു അധിദേവത ആവശ്യം ആണെന്ന് അങ്ങിനെ ബ്രഹ്മാവ് ഈ അഭിപ്രായം കശ്യപനെ അറിയിച്ചു തുടർന്ന് കശ്യപൻ മനസുകൊണ്ട് മനസാ ദേവിയെ സൃഷ്ടിച്ചു അങ്ങിനെ കശ്യപന്റെ പുത്രിയായി മനസാദേവി ജനിച്ചു

അങ്ങിനെ ബ്രഹ്മ ദേവന്റെ നിർദ്ദേശപ്രകാരം കശ്യപൻ മനസുകൊണ്ട് ദേവിയെ സൃഷ്ടിച്ചതിനാൽ ആണ് പുരാണത്തിൽ ഈ ദേവിക്ക് മനസ്സാ ദേവി എന്ന് പേര് ലഭിച്ചത് മന്ത്രങ്ങളുടെ എല്ലാം അധിദേവത ആയി കരുതുന്നു.

ദേവിയുടെ ജനനത്തിനു ശേഷം കശ്യപൻ ദേവിയെ തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോകുകയും ആശ്രമത്തിൽ എത്തിയ ദേവി തന്റെ പിതാവിന്റെ വാത്സല്യങ്ങൾ ഏറ്റു വാങ്ങി വളർന്നുകാലങ്ങൾ കടന്നു ഇന്നിപ്പോൾ കശ്യപന്റെ അരുമ പുത്രികൂടി ആണ് ദേവി മനസാ. ശേഷം തന്റെ ഗുരുകുല വിദ്യാഭ്യാസ സമയം ആയപ്പോൾ കശ്യപൻ ഇപ്രകാരം പറഞ്ഞു ദേവാധി ദേവനായ മഹാദേവനെ നീ ഗുരുവായി സ്വീകരിക്കുക അതിനുള്ള സമയം ആഗതമായിരിക്കുന്നു, അങ്ങനെ മഹാദേവനെ ഗുരുവായി നേടുന്നതിന് തന്റെ പിതാവിന്റെ സമ്മദത്തോടെയും അനുഗ്രഹത്തോടെയും ദേവി മനസാ കൈലാസത്തിലേക്ക് യാത്രയായി. എന്നാൽ മഹാദേവനെ പ്രസാദിപ്പിക്കാതെ തനിക് നേരിട്ട് ദർശനം ലഭിക്കില്ല എന്ന് മനസിലാക്കിയ മനസാ ദേവി കൈലാസ പർവ്വതത്തിൽ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തു തപസ്സ് ആരംഭിച്ചു !!!

പിന്നീട് ആ പർവ്വതത്തിൽ….

ഓം നമഃശിവായ..
ഓം നമഃശിവായ..
ഓം നമഃശിവായ..

എന്ന മന്ത്ര ധ്വനി മാത്രം കേട്ടു.എത്ര ധന്യമീ തപസ്സ് !! അങ്ങനെ മഹാദേവനെ മാത്രം ധ്യാനിച്ച് വർഷങ്ങൾ കഴിച്ചുകൂട്ടി, ദേവിയുടെ തപസ്സിൽ സംപ്രീതൻ ആയ മഹാദേവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷനായി. ദേവി മാനസ നിന്റെ നിഷ്കാമ ഭക്തിയിൽ ഞാൻ സംപ്രീതൻ ആണ് പറയൂ എന്ത് വരമാണ് വേണ്ടത് ?
എന്നെ ശിഷ്യയായി സ്വീകരിച്ചു വേദങ്ങളും മന്ത്രങ്ങളും ഉപദേശിച്ചു തന്നാലും. അങ്ങിനെയാവട്ടെ എന്ന് ഭഗവാൻ ശിവൻ അരുളിച്ചെയ്ത. അന്നുമുതൽ മനസാ ദേവിയുടെ ഗുരുവായി മഹാദേവൻ മാറുകയും ദേവിക്ക് സാമവേദം ,ശ്രീ കൃഷ്ണ കവചം ,ശ്രീ കൃഷ്ണ അഷ്ടാഷ്ട്ടറി മന്ദ്രം,ദിവ്യ ജ്ഞാനം എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചുകൊടുത്തു അങ്ങിനെ മഹാദേവനിൽ നിന്നും ദിവ്യമായ മന്ത്രത്തെ ഉൾക്കൊണ്ട ദേവി ഗുരുവിനെ വന്ദിച്ചു അനുഗ്രഹം വാങ്ങിയ ശേഷം അവിടെ നിന്നും യാത്രയായി

പിന്നീട് മനസാ ദേവി പോയത് പുഷ്കരത്തിലേക്കു ആണ് അവിടെ എത്തിയ ദേവി മഹാദേവൻ ഉപദേശിച്ചു തന്ന ശ്രീ കൃഷ്ണ കവചം സൂക്തം എന്നിവ ജപിച്ചു ശ്രീ കൃഷ്ണ ഭഗവാനെ തപസുചെയ്തു !! വർഷങ്ങൾ കഴിഞ്ഞു ഒരിക്കൽ ഭഗവാൻ കൃഷ്ണൻ മനസാ ദേവിക്കുമുന്നിൽ പ്രത്യക്ഷപെട്ടു ദേവിയെ ഇപ്രകാരം അനുഗ്രഹം വാങ്ങി . ദേവി മനസാ ..ഈ ലോകത്തിൽ ഉള്ള സർവ്വ ചരാചരങ്ങളുടേയു പ്രാത്ഥനക്ക്‌ ദേവി സാക്ഷിയാകും എന്നും അവരുടെ പാർത്ഥനക്കു വേണ്ട വരം നല്കാൻ ദേവിക്കും കഴിയും എന്നും അനുഗ്രഹിച്ചു. അങ്ങിനെ തപസ്സ് ചെയ്തു മഹാദേവനിൽ നിന്നും ശേഷം ശ്രീ കൃഷ് ഭഗവാനിൽ നിന്നും വരങ്ങൾ മേടിച്ച ദേവി മനസാ ലോകത്തിൽ ആര് തന്നെ പ്രാത്ഥിച്ചാലും ലോക നന്മ മുന്നില്കണ്ടുകൊണ്ടു തന്റെ കഴിവിനെ വിനിയോഗിച്ചു തുടങ്ങി !!

മനസാ ദേവിയും വിവിധ പേരുകളൂം

മഹാദേവനിൽ നിന്നും ശ്രീകൃഷ്ണനിൽ നിന്നും തപസു ചെയ്തു വരങ്ങൾ വാങ്ങിയ ദേവി മന്ത്രങ്ങളുടെ ആദിദേവത ആയി അറിയപ്പെട്ടു. കൂടാതെ മനസാ ദേവി ആരാധനക്കായി മൂല മന്ത്രവും ദേവിക്ക് 12 തരം പേരുകളും ഉള്ളതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു അവ ഓരോന്നായി വിവരിക്കാം

ഓം ഹ്രീം ശ്രീം മനസാദേവൈസ്വാഹ: എന്നതാണ് മൂല മന്ത്ര൦

ജരല്‍ക്കാരു
🅥🅑🅣
മനസാദേവി മൂന്നുയുഗക്കാലം ശ്രീ കൃഷ്ണനെ തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീര്‍ണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാന്‍ ദേവിക്ക് ജരല്‍ക്കാരു എന്ന പേര് നല്‍കി.

ജഗല്‍ഗൌരി
🅥🅑🅣
സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതു കൊണ്ടും ജഗല്‍ ഗൌരി എന്ന പേര് ലഭിച്ചു.

മനസാ
🅥🅑🅣
കശ്യപൻ മനസുകൊണ്ട് സ്രെഷ്ടിച്ചതിനാലും അദ്ദേഹത്തിന്റെ മനസാ പുത്രി ആയതിനാലും ഈ പേര് ലഭിച്ചു

സിദ്ധയോഗിനി
🅥🅑🅣
ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേര് ലഭിച്ചു

വൈഷ്ണവി
🅥🅑🅣
വിഷ്ണുഭഗവാനില്‍ സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു

നാഗഭഗിനി
🅥🅑🅣
നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു.

ശൈവി
🅥🅑🅣
മഹാദേവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു.

നഗേശ്വരി
🅥🅑🅣
പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയന്‍ ചെയ്ത സര്‍പ്പയാഗത്തില്‍ നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു.

ജരല്‍ക്കാരുപ്രിയ
🅥🅑🅣
ജരല്‍ക്കാരു എന്ന് തന്നെ പേരായ മഹര്‍ഷിയുടെ ഭാര്യ ആയതുകൊണ്ട് ജരല്‍ക്കാരു പ്രിയ എന്ന് അറിയപ്പെട്ടു.

ആസ്തികമാതാ
🅥🅑🅣
ആസ്തിക മഹര്‍ഷിയുടെ മാതാവായതുകൊണ്ട് ഈ പേര് ദേവിക്ക് ലഭിച്ചു

വിഷഹാരി
🅥🅑🅣
വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു

മഹാജ്ഞാനവതി
🅥🅑🅣
മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു.

ഇനി തപസു അനുഷ്ടിച്ചു വരം നേടിയശേഷം ആശ്രമത്തിൽ തിരിച്ചെത്തിയ മനസാ ദേവിയു൦ ശേഷം ഉണ്ടായ വിവാഹ കഥകളും വായിക്കാം

ബ്രാഹ്മണ വംശജൻ ആയ ജരൽകാരൂവിന്റെ ജനന൦

ബ്രാഹ്മണവംശം തന്നെ ദാരാളം പേരിൽ ഉള്ളതായി കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ബ്രാഹ്മണ വംശം ആണ് യായാവരന്മാർ ആ കാലഘട്ടത്തിൽ ഈ വംശത്തിൽ ഒരു ബ്രാഹ്മണ പുത്രൻ ജനിച്ചു, ആ കുഞ്ഞിനെ ജരൽകാരൂ എന്ന് പേര് വിളിച്ചു ചെറുപ്പത്തിൽ തന്നെ ഭക്തിമാർഗം തിരെഞ്ഞെടുത്ത ജരൽകാരൂ തികഞ്ഞ ഈശ്വര വിശ്വാസിയും, വളരെ ഏറെ ശാന്തനും ആയിരുന്നു അദ്ദേഹം അങ്ങനെ തന്റെ യവ്വന കാലത്തിൽ ലൗകിക കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ലാതെ ഒരു ബ്രഹ്മചാരി ആയിതീർന്നു. ആശ്രമത്തിൽ നിന്നാൽ തന്റെ മാതാപിതാക്കൾ തന്നെ വിവാഹം കഴിപ്പിക്കും എന്ന് മനസിലാക്കിയ ജരൽകാരൂ ആശ്രമം വിട്ട് ഇറങ്ങുകയും ഒരു മുനിയുടെ രൂപത്തിൽ നാട് മുഴുവൻ ചുറ്റി നടന്നു. സന്ധ്യ ആയാൽ എതെകിലും ഒരു മരച്ചുവട്ടിൽ ഉറങ്ങും,കായ് കനികൾ ഭക്ഷിക്കും അങ്ങനെ ജീവിതം കഴിച്ചുകൂട്ടി !

ഒരിക്കൽ ജരൽകാരൂ നാട് ചുറ്റുന്നതിനിടയിൽ വൈകുന്നേരം ആയപ്പോൾ ഒരു മരച്ചുവട്ടിൽ താവളം ഉറപ്പിച്ചു നേരം രാത്രിയോടടുത്തു ഈ സമയം അദ്ദേഹം തന്റെ പിതൃക്കളെ കാണുവാനിടയാകുകയും ജരൽകാരൂവിനോടായി പിതൃക്കൾ ഇപ്രകാരം പറഞ്ഞു. മരണ ശേഷം ഞങ്ങൾക്ക് മോക്ഷം ലഭിച്ചിട്ടില്ല !! ഞങൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു മരണാനന്തരം ഉള്ള കർമങ്ങൾ ചെയ്തിട്ടില്ല !! ഞങ്ങൾ നരകത്തോട് അടുത്തുകൊണ്ടിരിക്കുന്നു.

ഇതു കേട്ട ജരൽകാരൂ പിതൃക്കളോടായി ചോദിച്ചു പരിഹാരമായി ഞാൻ എന്താണ് ചെയ്യേണ്ടത് ?
പിതൃക്കൾ പറഞ്ഞു നീ പെട്ടന്ന് തന്നെ വിവാഹിതൻ ആകണം ശേഷം നിനക്ക് ജനിക്കുന്ന പുത്രനെകൊണ്ട് ബലി കർമ്മങ്ങൾ ചെയ്യിക്കണം അതിലൂടെ ഞങ്ങളുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തി നേടിതരണം, എന്നാൽ ജരൽകാരൂവിനു ലൗകിക കാര്യങ്ങളിൽ താല്പര്യം ഇല്ലാതിരുന്നിട്ടും തന്റെ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചു, അങ്ങിനെ പിതൃക്കളെ ആശ്വസിപ്പിച്ചു യാത്രയാക്കി ശേഷം അദ്ദേഹം നേരം വെളുക്കുവോളം ആ മരച്ചുവട്ടിൽ പലതും ആലോചിച്ചു ഇരിപ്പായി!! നേരം വെളുത്തത്തോടു കൂടി ഒരുപാടു ആലോചിച്ച ശേഷം അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തു!!

ആ പ്രതിജ്ഞ ഇപ്രകാരം ആയിരുന്നു ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കന്യക യുടെ പേരും എന്റെ പേര് പോലെ ജരൽകാരൂ എന്ന് ആകണം മാത്രവുമല്ല ആരെങ്കിലും ഭിക്ഷയോ ദാനമോ ആയി തരുന്നവളും ആകണം എങ്കിൽ മാത്രമേ താൻ ഒരു യുവതിയെ വിവാഹം കഴിക്കൂ എന്ന് ഉച്ചത്തിൽ പറഞ്ഞു അവിടെ നിന്നും തന്റെ യാത്ര പുനരാരംഭിച്ചു. അദൃശ്യമായി ഇരുന്നു ഈ പ്രതിജ്ഞ സ്രെവിച്ച പിതൃക്കൾ അതീവ ദുഃഖിതരും തങ്ങളുടെ മോക്ഷത്തിനായി നാരായണനേയും മനസ്സിൽ സ്മരിച്ചു !!!

ഈ പ്രതിജ്ഞകൾ മനസിൽ ഉറപ്പിച്ചു ജരൽകാരൂ പല സ്ഥലങ്ങളിൽ കൂടിയും യാത്ര ചെയ്തു, പല പ്രദേശങ്ങൾ ചുറ്റി. വൈകുനേരം ആകുമ്പോൾ പഴയപോലെ മരചുവട്ടിൽ കിടന്നുറങ്ങി !!! അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അദ്ദേഹം വന സഞ്ചാരം ആരംഭിച്ചു !! വനത്തിലൂടെ സഞ്ചരിക്കുന്ന നേരം കായ്കനികളും കാട്ടരുവിയിലെ ജലവും അദ്ദേഹത്തിന്റെ വിശപ്പകറ്റി പിന്നീട് ഉള്ളയാത്രയിൽ ജരൽകാരൂചെന്നെത്തിയത് കശ്യപ മഹർഷിയുടെ ആശ്രമത്തിൽ ആണ്.

തന്റെ ആശ്രമത്തിൽ എത്തിയ ജരൽകാരൂവിനെ കശ്യപൻ സ്വീകരിച്ചിരുത്തി ആവശ്യമായ ഭോജനം നൽകി വിശ്രമിക്കാൻ അനുവദിച്ചു. ഈ സമയത്താണ് അതി സുന്ദരിയായ മനസാ ദേവിയെ ജരൽകാരൂ കാണുവാ നിടയായത്, എല്ലാ കാര്യങ്ങളിലും വിരക്തി ആയിരുന്ന ജരൽകാരൂവിനുണ്ടോ സ്ത്രീ സങ്കല്പം ? എങ്കിലും അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു ആരായിരിക്കും സുന്ദരിയായ ഈ യുവതി !! ശേഷം പ്രാർത്ഥനയോടെ സുഗമായി ഉറങ്ങി പിറ്റേ ദിവസം രാവിലെ തന്നെ ജരൽകാരൂ തൊട്ടടുത്തുള്ള അരുവിയിൽ കുളിച്ചശേഷം ആശ്രമത്തിൽ തിരികെയെത്തി കശ്യപനോട് നന്ദിയും ശേഷം യാത്രയും ചോദിച്ചു എന്നാൽ കശ്യപമഹര്ഷിയുടെ നിർദ്ദേശപ്രകാരം ജരൽകാരൂ കുറച്ചു ദിവസം കൂടി ആശ്രമത്തിൽ തങ്ങാൻ തീരുമാനിച്ചു. ഈ സമയം മാനസ കശ്യപ മഹർഷിയുടെ പുത്രി ആണെന്ന് ജഗൽക്കാരു മനസിലാക്കി.
അങ്ങനെ ജരൽകാരൂ കശ്യപനൊത്തു പുരാണങ്ങൾ പറഞ്ഞു, ലോക നന്മ ചിന്ദിച്ചും, പ്രാർത്ഥനയും യാഗങ്ങളും ഒക്കെ ചെയ്തു ദിവസങ്ങൾ കഴിച്ചു കൂട്ടി.

ഒരിക്കൽ കശ്യപനും ജരൽകാരൂവും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ജരൽകാരൂവിന്റെ പൂർവ്വ ചരിത്രം കശ്യപൻ മനസിലാക്കുകയും ശേഷം അദ്ദേഹത്തിന്റെ വ്യവസ്ഥകൾ അറിഞ്ഞ മഹർഷി തന്റെ മകളെ ജരൽകാരൂവിനു വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചു കശ്യപൻ മറഞ്ഞു ജരൽകാരൂ : നമ്മുടെ മനസാ പുത്രിയെ ഇതാ അങ്ങേക്ക് ദാനമായി നൽകുന്നു, മനസാ ദേവിക്ക് ജരൽകാരൂ എന്നും പേര് ഉണ്ട് എന്ന് മനസിലാക്കിയാലും, തന്റെ വ്യവസ്ഥ അംഗീകരിക്കുന്ന രീതിയിൽ ഉള്ള യുവതി ആയതിനാൽ ജരൽകാരൂ വിവാഹത്തിന് സമ്മതിക്കുകയും തനിക്കു ഇഷ്ടമില്ലാത്തത് പ്രവർത്തിച്ചാൽ മനസാ ദേവിയെ ഉപേക്ഷിക്കേണ്ടിവരും എന്ന മറുപടിയോടെ ജരൽകാരൂ മനസാ ദേവിയെ കശ്യപനിൽ നിന്നും സ്വീകരിച്ചു

ഭർത്താവ് ഉപേക്ഷിച്ച മനസാദേവി

കശ്യപ പുത്രിയെ സ്വീകരിച്ച ജരൽകാരൂ,കശ്യപന്റെ ആശ്രമത്തിൽ തന്നെ താമസം ആരംഭിച്ചു, പുത്രോല്പാദനം ആയിരുന്നു ജരൽകാരൂവിന്റെ ലക്‌ഷ്യം എങ്കിലും അദ്ദേഹം മനസാ ദേവിയെ സ്നേഹിച്ചു, മാനസയും ജരൽകാരൂവിന്റെ ഇഷ്ടനിഷ്ടങ്ങൾ മനസിലാക്കി ജീവിച്ചു.

വളരെ കർക്കശകാരൻ ആയിരുന്നു ജരൽകാരൂ അദ്ദേഹത്തിന്റെ പ്രദാന നിർദ്ദേശങ്ങൾ ഇങ്ങനെ ;- രാവിലെ നേരെത്തെ എഴുന്നേൽക്കണം പ്രഭാതപൂജകൾക്കു, ശേഷം ഉള്ള ഭക്ഷണ ക്രമം, നിത്യവും ചെയ്യേണ്ട കാര്യങ്ങൾ സായാഹ്‌ന പൂജ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ അദ്ദേഹത്തിന് വളരെ നിർബന്ധം ആയിരുന്നു.ഇതെല്ലാം മനസിലാക്കി മനസാ അദ്ദേഹത്തിനൊപ്പം കഴിഞ്ഞു പൊന്നു അങ്ങിനെ കുറച്ചുകാലം കഴിഞ്ഞു ഈ സമയം അവിടെ ഒരു അനിഷ്ട സംഭവം അരങ്ങേറി

ഒരുദിവസം ഉച്ച ഭക്ഷണത്തിനു ശേഷം മാനസയുമായി സംസാരിച്ചിരിക്കവേ ജരൽകാരൂവിനു ഉറക്കം വന്നു അദ്ദേഹം തന്റെ പത്നിയുടെ മടിയിൽ തലവെച്ചുറങ്ങി പാള വിശറികൊണ്ട് വീശികൊടുത്തു മനസാ അദ്ദേഹത്തെ സുഖ നിദ്രയിലേക്ക് താഴ്ത്തി. മണിക്കൂറുകൾ അദ്ദേഹം സുഗമായി ഉറങ്ങി എന്നാൽ സായാഹ്നം ആയിട്ടും ജരൽകാരൂ എഴുനേൽക്കാത്തതു മാനസയെ വിഷമിപ്പിച്ചു കാരണം രണ്ടാണ് !! ഒന്ന് നിദ്രയിൽ നിന്നും എഴുനേൽപ്പിച്ചാൽ അദ്ദേഹം കോപിക്കും രണ്ടാമതായി സന്ധ്യ വന്ദനം മുടക്കിയാലും അദ്ദേഹം കോപിക്കും. വളരെ കർക്കശക്കാരനും കോപിഷ്ഠനുമായ ഭർത്താവിനെ ഈ നിമിഷം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കുഴങ്ങി.

എന്തായാലും സന്ധ്യ വന്ദനത്തിനു പ്രാധാന്യം നൽകികൊണ്ട് മനസാ അദ്ദേഹത്തെ വിളിച്ചുണർത്തി !!! ഒരു ഞെട്ടലോടെ ജരൽകാരൂ എഴുനേറ്റു, തന്റെ സുഖ നിദ്രക്കു മങ്ങലേറ്റ ജരൽകാരൂ കോപം കൊണ്ട് ജ്വലിച്ചു കണ്ണുകളിൽ അഗ്നിക്ക് തുല്യമായി തീ ഗോളങ്ങൾ പ്രത്യക്ഷമായി ആ ഭയാനകമായ നിമിഷത്തിൽ മനസാ ഭയന്നു. തന്നോടുള്ള വാക്ദാനം ലംഗിച്ച പത്നിയെ ഉപേക്ഷിക്കാൻ ജരൽകാരൂ തീരുമാനിച്ചു. എന്നാൽ പേടിച്ചു കരഞ്ഞ മനസാ ദേവി കശ്യപനെയും, ബ്രഹ്മാവിനെയും , മനസ്സിൽ ദ്യാനിച്ചു .ഉടൻ അവർ ദേവിക്കരികിൽ എത്തി തന്റെ സങ്കടം മനസാ അവരോടു ഉണർത്തിച്ചു. എല്ലാം കേട്ട ബ്രഹ്മദേവനും മറ്റു ദേവന്മാരും കശ്യപനും ജരൽകാരൂവിനെ ശാന്തനാക്കി ജരൽകാരൂ മാനസയെ വിവാഹം കഴിച്ചത് പുത്രോല്പാദനത്തിനും പിതൃക്കൾക്ക് മോക്ഷത്തിനും വേണ്ടിയാണു എന്ന് ബ്രഹ്മ ദേവൻ ഓർമിപ്പിച്ചു അത് പൂർത്തീകരിക്കാതെ പിന്മാറാൻ പാടില്ല എന്നും ബ്രഹ്മദേവൻ പറഞ്ഞു. എന്നാൽ ഇതുകേട്ട ജരൽകാരൂ യോഗബലത്താൽ മനസാ ദേവിയിൽ പുത്രോല്പാദനം നടത്തി ആ കുട്ടി ജനിക്കാൻ കാത്തുനിൽക്കാതെ അദ്ദേഹം മാനസയെ ഉപേക്ഷിച്ചു !!!

എത്ര സങ്കടകരമായ നിമിഷം അല്ലെ !!
ജരൽകാരൂ ഉപേക്ഷിച്ച ശേഷം മനസാ അനാഥയായി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മനസാ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി വളർത്തി ആ കുട്ടിക്ക് ആസ്തികൻ എന്ന് പേര് നൽകി ഈ ആസ്തികൻ ആണത്രേ പിന്നീട് സർപ്പ സത്ര യാഗം മുടക്കിയ ആസ്തികൻ എന്ന മഹർഷി ആയി അറിയപ്പെട്ടത്. !! ആസ്തികനെ വളർത്തിയ ശേഷം മനസാ കൈലാസത്തിലേക്ക് മടങ്ങി മോക്ഷം നേടി എന്ന് പറയപ്പെടുന്നു

ലേഖകന്റെ കമന്റ്സ്
തപസുകൾ ചെയ്തു തപശ്ശക്തി നേടിയ മനസാ ദേവിയുടെ ജീവിതത്തിൽ വരെ അനർത്ഥം സംഭവിച്ചു!! ദേവി അതീവ ദുഃഖയായി, ഭർത്താവ് ഉപേക്ഷിച്ചവൾ ആയി. കഴിയേണ്ടിവന്നു അപ്പോൾ പിന്നെ സാദാരണക്കാർ ആയ മനുഷ്യരുടെ കാര്യം പറയാനുണ്ടോ ? ഇതോടുകൂടി മനസാ പുരാണം അവസാനിച്ചു നാളെ മറ്റൊരു പുരാണ കഥയുമായി വീണ്ടും കാണാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

അവസാനിച്ചു ……

_ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!!

STAY IN TOUCH

LOCATION

Vattappara, Palakkad
Border of TamilNadu,
Near Walayar Check Post,
Coimbatore Road – 678 624

9048 222 584
8137 878 015

copyright© 2018 – bhadrakalilive